Saturday 30 April 2016

ആരാണ് പൊതുഅധികാരി

പൊതുഅധികാരികള്‍ (Public Authority) എന്നാല്‍
  • നമ്മുടെ ഭരണഘടനപ്രകാരമോ പാര്‍ലമെന്റോ സംസ്ഥാന നിയമസഭയോ പാസാക്കിയ നിയമപ്രകാരമോ സര്‍ക്കാര്‍വിജ്ഞാപനം/ഉത്തരവ് മുഖേനയോ സ്ഥാപിക്കപ്പെട്ടതോ  രൂപീകരിക്കപ്പെട്ടതോ ആയ ഭരണഘടനാ സ്ഥാപനങ്ങള്‍
  • നിയമ നിര്‍മ്മാണ സഭകള്‍
  • കോടതികള്‍
  • സര്‍ക്കാര്‍ വകുപ്പുകള്‍, അധികാരികള്‍
  • സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍, കമ്മീഷനുകള്‍, വികസന അതോറിറ്റികള്‍
  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
  • സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പടെയുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍
  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
  • ഗണ്യമായ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന സര്‍ക്കാരിതര സംഘടനകള്‍
  • അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
    എന്നിവയൊക്കെയാണ് പൊതു അധികാരികള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്

    ഒരു വകുപ്പിലെ/സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന ഓഫീസ് മുതല്‍ വിവരം കൈവശമുള്ള ഏറ്റവും താഴെയുള്ള ഓഫീസിനെ വരെ വിവരാവകാശ നിയമപ്രകാരം വെവ്വേറെ പൊതുഅധികാരികളായി കണക്കാക്കാം. ഉദാഹരണത്തിന്, റവന്യൂ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ റവന്യൂ സെക്രട്ടറിയെ പൊതു അധികാരിയായി കണക്കാക്കുന്നത് പോലെ തന്നെ അതേ വകുപ്പില്‍ പെട്ട ജില്ലാ കളക്ടര്‍, ആര്‍.ഡി.ഓ, തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരേയും അതാതിന്റെ പൊതു അധികാരിയായി കണക്കാക്കാവുന്നതാണ്.
പൊതുഅധികാരികളുടെ ചുമതലകള്‍
  • തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുക
  • പൌരന്‍ ആവശ്യപ്പെടുന്ന വിവരം യഥാസമയം ലഭ്യമാക്കുക.
  • പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുക 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
           
പൊതുഅധികാരികളുടെ കൈവശമുള്ള വിവരങ്ങളും പൊതു അധികാരിക്ക് നിയമപ്രകാരം പ്രാപ്തമാക്കാന്‍ കഴിയുന്ന വിവരങ്ങളും പൗരന് നല്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ഇതിനായി എല്ലാ പൊതു അധികാരികളും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO) അല്ലെങ്കില്‍ അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.

CPIO, CAPIO
        കേന്ദ്ര സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CPIO) , സെന്‍ട്രല്‍ അസിസ്റ്റന്റ്റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

SPIO, SAPIO
        എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SPIO) , സ്റ്റേറ്റ് അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

     എല്ലാ പൊതു അധികാരികളും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ അതാത് ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

No comments:

Post a Comment